തിരുവനന്തപുരം: ട്രാഫിക് നിയമലംഘനങ്ങളുടെ പേരില്‍ വ്യാജ സന്ദേശങ്ങള്‍ അയച്ച് പണം തട്ടിയെടുക്കുന്ന തട്ടിപ്പുകള്‍ സംസ്ഥാനത്ത് വ്യാപകമാകുന്നതായി കേരള പൊലിസിന്റെ ജാഗ്രതാ നിര്‍ദേശം. മോട്ടോര്‍ വാഹന വകുപ്പിന്റെ പേരിലാണ് പൊതുജനങ്ങളുടെ ഫോണുകളിലേക്ക് ഇത്തരം വ്യാജ എസ്.എം.എസുകള്‍ എത്തുന്നത്.
വാഹനങ്ങളുടെ ഒറിജിനല്‍ നമ്പറുകള്‍ കൃത്യമായി ചേര്‍ത്താണ് സന്ദേശങ്ങള്‍ അയക്കുന്നത് എന്നതാണ് തട്ടിപ്പുകാരുടെ രീതി. കാമറയില്‍ നിയമലംഘനം പതിഞ്ഞിട്ടുണ്ടെന്നും നല്‍കിയിരിക്കുന്ന ലിങ്ക് വഴി ഉടന്‍ പിഴയടയ്ക്കണമെന്നുമാണ് സന്ദേശത്തില്‍ ആവശ്യപ്പെടുന്നത്. കാണാന്‍ ഔദ്യോഗിക രൂപത്തിലുള്ള ഈ സന്ദേശങ്ങളില്‍ വലിയ തട്ടിപ്പാണ് ഒളിഞ്ഞിരിക്കുന്നത്. സന്ദേശത്തിനൊപ്പം കാണുന്ന ചെറിയ വെബ് ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ മോട്ടോര്‍ വാഹന വകുപ്പിന്റെ ഒറിജിനല്‍ സൈറ്റിനെ വെല്ലുന്ന വ്യാജ വെബ്സൈറ്റിലേക്കാണ് ഉപയോക്താക്കള്‍ എത്തുന്നത്.
തുടര്‍ന്ന് പിഴയടയ്ക്കാനെന്ന പേരില്‍ ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍, എടിഎം കാര്‍ഡ് നമ്പറുകള്‍, ഒ.ടി.പി തുടങ്ങിയ രഹസ്യ വിവരങ്ങള്‍ നല്കാന് ആവശ്യപ്പെടുന്നു. ഈ വിവരങ്ങള്‍ നല്കിയാല് നിമിഷനേരം കൊണ്ട് അക്കൗണ്ടിലെ പണം മുഴുവന്‍ നഷ്ടപ്പെടും. അതിനാല്‍ അപരിചിതമായ ലിങ്കുകളില്‍ ക്ലിക്ക് ചെയ്ത് ഒരിക്കലും പിഴയടയ്ക്കരുതെന്ന് പൊലിസ് ഓര്‍മ്മിപ്പിക്കുന്നു.
നിങ്ങളുടെ വാഹനത്തിന് യഥാര്‍ത്ഥത്തില്‍ പിഴയുണ്ടോ എന്ന് ഔദ്യോഗിക ‘പരിവാഹന്‍’ അല്ലെങ്കില്‍ ‘ഇചെലാന്‍’ വെബ്സൈറ്റ് വഴി നേരിട്ട് പരിശോധിച്ചുറപ്പിക്കണം. ഒടിപിയോ ബാങ്ക് വിവരങ്ങളോ ആരുമായും പങ്കുവെക്കരുത്. തട്ടിപ്പിന് ഇരയായാല്‍ സമയം കളയാതെ ഉടന്‍ തന്നെ 1930 എന്ന സൈബര്‍ ഹെല്‍പ്പ് ലൈന്‍ നമ്പറിലോ https://cybercrime.gov.in , https://cybercrime.gov.in എന്ന ഔദ്യോഗിക പോര്‍ട്ടല്‍ വഴിയോ പരാതി നല്‍കണമെന്നും പൊലിസ് അറിയിച്ചു.


















