മഴവില്ല് സാഹിത്യ വേദി
സർഗ്ഗാത്മക സൃഷ്ടികൾ പങ്കുവെക്കുന്ന ഇടം
രണ്ടാഴ്ച മുമ്പേയാണ് ബത്തേരിയിൽ നിന്ന് ശൈലേന്ദ്രബാബുവിൻ്റെ വിളി വരുന്നത്. ആഡ്രയിലെ വ്യത്യസ്ഥമായ ഒരു ഡെസ്റ്റിനേഷനിലേക്ക് ഒരു യാത്ര പോകുന്നുണ്ടെന്നും ഒപ്പം വരാൻ താല്പര്യമുണ്ടോയെന്നും ചോദിച്ചു കൊണ്ടുള്ള ക്ഷണമായിരുന്നു അത്. പുതിയ ദേശങ്ങളിലെ കാഴ്ചകളിലേക്കുള്ള വിളികൾ വന്നാൽ പോകാതെ തരമില്ലല്ലോ. പിറ്റേ ദിവസം തന്നെ ശൈലൻ്റെ ക്ഷമാപണത്തോടെയുള്ള ചാറ്റ് വന്നു. അവരുടെ വണ്ടിയിൽ സീറ്റില്ല എന്നതായിരുന്നു അത്.
ഞങ്ങളുടെ സ്ഥിരം യാത്രികരുടെ ഗ്രൂപ്പിൽ ഈ യാത്രയെക്കുറിച്ച് ഞാൻ വിവരണം നൽകി. 600 ൽ കൂടുതൽ കിലോമീറ്റർ വരുന്ന യാത്രയുടെ ആലോചനകൾ തകൃതിയായി നടന്നു.

കുറച്ച് സാഹസികതകൾ നിറഞ്ഞ യാത്രയായതുകൊണ്ട് കുടുംബാംഗങ്ങൾ ഇല്ലാത്ത യാത്രയാണ് പ്ലാൻ ചെയ്തത്. പി.കെ. മനോജൻ വാഹനവും സാരഥികളേയും ഉറപ്പാക്കി. സി.ടി.വൽസൻ, തൈക്കണ്ടി ദിനേശൻ എന്നിവരും റെഡിയായി. സപ്തംബർ 19 ന് കാലത്ത് കോഴിക്കോട് നിന്നും അമാനും സാഫിറും വണ്ടിയുമായി എത്തി. ചെറുമഴയുടെ യാത്രാമൊഴി കാറിൻ്റെ ചില്ലിൽ മർമ്മരമുതിർത്തു. വയനാട് ചുരത്തിലെത്താൻ തിടുക്കത്തോടെ കാർ ഓടി. ചുരത്തിൽ ചെറിയ തടസ്സങ്ങൾ തരണം ചെയ്ത് ഞങ്ങൾ വൈത്തിരിയിലെത്തി. ചെറിയ വിശ്രമം മാത്രമേ പറ്റുമായിരുന്നുള്ളൂ. വലിയ ദൂരം ഇനിയും കാത്തിരിക്കുന്നതു കൊണ്ട് തിടുക്കപ്പെട്ട് യാത്ര തുടർന്നു.
വയനാടിൻ്റെ സുപരിചിതമായ വഴികളിലൂടെ വണ്ടി ഓടിക്കൊണ്ടിരുന്നു. മുത്തങ്ങ കഴിഞ്ഞപ്പോൾ കാടിനരികിൽ മാനുകളുടെ കൂട്ടങ്ങളെ കാണാമായിരുന്നു. കർണ്ണാടകയിലേക്ക് കയറിയപ്പോൾ ഇടയ്ക്കിടെ സ്പീസ് ബ്രേക്കറുകൾ വേഗതയെ നിയന്ത്രിച്ചു. ഗുണ്ടൽപ്പേട്ടയിൽ നിന്നും നാലുവരിപ്പാതയിലൂടെ അമാൻ കാറിൻ്റെ വേഗത കൂട്ടി. സൂര്യകാന്തിപ്പൂക്കൾ വിടർന്നു വരുന്ന പാടങ്ങൾ ഇടയ്ക്കൊക്കെ കാണാം. വിളവെടുത്ത കരിമ്പിൻപാടങ്ങളും കാണാം. ചുറ്റും ഇരിപ്പിടങ്ങൾ പിടിപ്പിച്ച ഓട്ടോകളിൽ ധാരാളം തൊഴിലാളികളും നാട്ടുകാരും ഒന്നിച്ച് യാത്ര ചെയ്യുന്നത് കാണാം. മൈസൂർ നഗരത്തിൻ്റെ ഉള്ളിലേക്ക് കയറാതെ ഞങ്ങൾ നീങ്ങി. മാസ്മരികമായ വർണ്ണങ്ങൾ വിതാനിച്ച കമാനങ്ങളും വഴിയോര വിളക്കുകളും ആരെയും സ്തംബ്ധരാക്കും. നിരനിരയായ ലൈറ്റിങ്ങുകൾ ആകർഷകമായ ലോകം നമ്മുടെ കൺമുമ്പിൽ തുറന്നിടുന്നു.

ചാമുണ്ടി ഹിൽസിൻ്റെ ദീപവിതാനം ദൂരെ നിന്നും കാണാം. ദസറ യുടെ ആഘോഷ തിമർപ്പിൽ മൈസൂർ ഇളകി മറയുകയാണ്. എങ്ങും ഉല്ലാസഭരിതരായ ജനക്കൂട്ടം ആരവങ്ങളോടെ നീങ്ങുന്നു. ഞങ്ങൾ ബാംഗ്ലൂർ ഹൈവയിലേക്ക് കയറി. വാഹനം പരമാവധി വേഗതയിൽ കുതിച്ചു. രാത്രി വൈകിയാണ് ബാംഗ്ലൂർ നഗരത്തിൻ്റെ ഓരത്ത് ഒരു ഗസ്റ്റ്ഹൗസിലെ മുറിയിൽ ഞങ്ങളെത്തി.
കാലത്ത് തന്നെ ഹെബ്ബലിൽ നിന്നും യാത്ര തുടങ്ങി. എലിവേറ്ററ്റ് ഹൈവേയിലൂടെ യാത്ര തുടർന്നു. പിന്നീട് ഗൂഗിൾ മേപ്പ് ഞങ്ങൾക്ക് പണി തന്നു. പണി നടന്നുകൊണ്ടിരിക്കുന്ന തനി നാട്ടിൻ പുറത്തു കൂടെയുള്ള വഴിയിലൂടെ കുതിച്ചും കിതച്ചും യാത്ര തുടർന്നു. നീണ്ടുകിടക്കുന്ന വാഴത്തോപ്പുകൾ വ്യാപകമായി കാണാം. ഇടതൂർന്ന് വാഴകൾ കുലച്ച് നിൽക്കുന്നു. അകലമൊന്നും വിട്ടിട്ടില്ല എന്നതാണ് ശ്രദ്ധേയം. കിലോമീറ്ററുകളോളം നമ്മെ പിന്തുടരുന്ന കൃഷിയിടങ്ങൾ, എള്ളും കടുകും ധാരാളമായി വിളയുന്ന വരമ്പുകൾ ഇല്ലാത്ത വയലേലകൾ, നെൽവയലുകളും സമൃദ്ധമായി കാണാം. ഇടയ്ക്ക് പനിനീർകൃഷിയും ഉണ്ട്. പല നിറത്തിലുള്ള അടുക്കുകളായുള്ള ശിലാപാളികൾ കൊണ്ട് നിറഞ്ഞ മലകളും നമുക്ക് കാണാം. കിലോമീറ്ററുകൾ കൃഷിയിടങ്ങളിലൂടെ പിന്നിടുമ്പോൾ ചില സെറ്റിൽമെൻ്റുകൾ നമുക്ക് കാണാം. കുറച്ച് നാടൻ കടകളും ഒരേ ക്രമത്തിലുള്ള കൊച്ചുവീടുകളും പശുത്തൊഴുത്തുകളും കാണാം. വീണ്ടും ഗണ്ടികോട്ലയിലേക്കുള്ള നാലുവരി പാതയിലേക്ക് എത്തിയപ്പോൾ വണ്ടി കുതിച്ചു. അകലെയായി പാറയടുക്കുകളാൽ നീണ്ടുകിടക്കുന്ന മലനിരകൾ തിളങ്ങുന്ന വെള്ളിമേഘകളുടെ അകമ്പടിയോടെ കാണാം. മുന്നോട്ട് പോയപ്പോൾ കാർമേഘങ്ങളുടെ നിഴലും വെയിലും ഇടകലർന്ന മലനിരകൾ പ്രത്യക്ഷമായി. മലമുകളിൽ നിരനിരയായി കാറ്റാടികൾ കാണാം. ഗണ്ടിക്കോട്ടയിലേക്കുള്ള റോഡിലേക്ക് കയറിയപ്പോൾ സൂര്യൻ തലയ്ക്ക് മുകളിലായി ജ്വലിച്ച് നിൽക്കുകയായിരുന്നു. ദൂരദേശങ്ങളിൽ നിന്നുള്ള ടൂറിസ്റ്റുകൾ കൂടുതലായി അറിഞ്ഞു തുടങ്ങുന്നതേയുള്ളൂ എന്നതിനാൽ വലിയ സൗകര്യങ്ങൾ ഏർപ്പെടുത്തിയിട്ടില്ല. ടൂറിസം വകുപ്പിൻ്റെ ബോർഡുകൾ കാണാം എന്നു മാത്രം. ഇവിടേയ്ക്ക് എൻട്രിഫീസോ പാർക്കിങ്ങിനായി ഒരുക്കിയ സ്ഥലത്ത് ഫീസോ ഏർപ്പെടുത്തിയിട്ടില്ല എന്നത് ശ്രദ്ധേയമാണ്.
മൈസൂർ ദസറയുടെ തിളക്കത്തിലൂടെ ഗണ്ടിക്കോട്ടയുടെ പാറക്കൂട്ടങ്ങളിലേക്ക്… ഒരു സാഹസിക യാത്രാനുഭവം!
രചന: വിനോദൻ
| കീഴരിയൂർ
ഡൽഹി, അമൃത്സർ, മഥുര, ആഗ്ര... ഒരു സൗഹൃദയാത്രയുടെ ഓർമ്മക്കുറിപ്പ്!
13.10.2026
രാവിലെ ലോഡ്ജിൽ നിന്നിറങ്ങി ശ്രീകൃഷ്ണജന്മക്ഷേത്രത്തിലേക്ക് നോക്കി തൊഴുതു. മഥുരയോട് യാത്ര പറയാൻ മനസ്സ് മടിക്കുകയായിരുന്നു. ഇതൊരു വിടപറച്ചിലല്ല, “ഇനിയും മഥുരയുടെ മണ്ണിൽ കാലുകുത്തണം” എന്ന പ്രതീക്ഷയോടെയുള്ള താൽക്കാലിക മടക്കം മാത്രം... കംസന്റെ കാരാഗൃഹമെന്ന് വിശ്വസിക്കപ്പെടുന്ന ആ ഇരുണ്ട മുറിയിൽ നിന്ന് മനസ്സിനെ പറിച്ചെടുക്കുന്നത് പോലെയായിരുന്നു അത്. ചരിത്രവും വിശ്വാസവും ഭക്തിയും ഒത്തുചേരുന്ന ഈ പുണ്യഭൂമിയിൽ നിന്ന് മനസ്സ് മടങ്ങാൻ മടിച്ചുനിന്നു.
ഓട്ടോ പിടിച്ച് നേരെ മഥുര റെയിൽവേ സ്റ്റേഷനിലേക്ക്. രാവിലെ എട്ടുമണിയോടെ മംഗള എക്സ്പ്രസ് പ്ലാറ്റ്ഫോമിലെത്തി.

ഒരു യാത്രയ്ക്ക് വിരാമം… മറ്റൊരു യാത്രയ്ക്ക് തുടക്കം...
അപരിചിതരിൽ നിന്ന് ആത്മബന്ധങ്ങളിലേക്ക്...
ഈ യാത്രയുടെ യഥാർത്ഥ സൗന്ദര്യം കാഴ്ചകളിൽ മാത്രം ഒതുങ്ങുന്നതായിരുന്നില്ല; യാത്രയ്ക്കിടയിൽ കണ്ടുമുട്ടിയ മനുഷ്യരിലും അവരുമായി പങ്കുവെച്ച നിമിഷങ്ങളിലുമായിരുന്നു. ചില യാത്രകൾ അങ്ങനെയാണ്, ലക്ഷ്യസ്ഥാനത്തേക്ക് പോകുമ്പോൾ അറിയാതെ ചില മനുഷ്യർ നമ്മുടെ ഹൃദയത്തിലേക്ക് കയറിവരും.
മണാലിയിലെ കാഴ്ചകളും ട്രക്കിംഗും കഴിഞ്ഞ് മടങ്ങുന്ന ഷാഹുൽ-റിഹാന, അമാൻ-രഹന (പാത്തു) എന്നീ യുവദമ്പതികൾ, ഡൽഹിയിൽ നിന്നും പെരുമ്പാവൂരിലേക്ക് യാത്രതിരിച്ച രണ്ട് ഉമ്മമാർ, സ്ഥിരമായി ടൂർ പാക്കേജുകൾ സംഘടിപ്പിക്കുന്ന തമിഴ്നാട് സ്വദേശികളായ ശെൽവരാജും സുഹൃത്തും ഒപ്പമുള്ള മുതിർന്നവരും, അവധിക്ക് നാട്ടിലേക്ക് വരുന്ന പൊയിൽക്കാവ് സ്വദേശിയായ സൈനികൻ വിഷ്ണു, ഭോപ്പാലിൽ നിന്ന് ഞങ്ങളോടൊപ്പം ചേർന്ന എം.ബി.ബി.എസ്. അവസാന വർഷ വിദ്യാർത്ഥിനി അലീന റോസ് ഡൊമനിക്...
ഓരോരുത്തർക്കും ഓരോ ലക്ഷ്യങ്ങൾ, പറയാൻ കഥകൾ, പങ്കുവെക്കാൻ അനുഭവങ്ങൾ!
യാത്രയുടെ തുടക്കത്തിൽ അപരിചിതരായിരുന്നെങ്കിലും മണിക്കൂറുകൾ പിന്നിട്ടപ്പോൾ ഞങ്ങളുടെ അകലം കുറഞ്ഞു. സംസാരങ്ങൾ സൗഹൃദമായി, സൗഹൃദം ആഴമുള്ള അടുപ്പമായി.
കുതിരയോട് മലയാളത്തിൽ ഉപദേശം! 😂
മണാലി വിശേഷങ്ങൾ തൃശൂർ ഭാഷയുടെ തനിമയിൽ വിവരിച്ച് രഹന (പാത്തു) ആണ് ഞങ്ങളെ ഒന്നിപ്പിച്ചത്. മഞ്ഞുപുതച്ച പാതയിലൂടെ കുതിരസവാരിക്കിടെ നടന്ന സംഭവം പാത്തു വിവരിച്ചപ്പോൾ ഞങ്ങൾ ചിരിച്ചു മണ്ണുകപ്പി!
അമാനും പാത്തുവും രണ്ട് കുതിരകളിലായി കാഴ്ചകൾ കാണാൻ പോയതായിരുന്നു. പെട്ടെന്ന് അമാന്റെ കുതിര വഴിമാറി ഓടാൻ തുടങ്ങി, പുറകെ ഗൈഡും. മഞ്ഞുപുതച്ച കുന്നിൻപുറത്ത് പാത്തു ഒറ്റയ്ക്കായി! ബഹളം വെച്ചെങ്കിലും കടിഞ്ഞാൺ നിയന്ത്രിക്കാൻ അറിയാതെ പാത്തു വിഷമിച്ചു. ഒടുവിൽ വിരണ്ട കുതിരയോട് "അറിയാവുന്ന മലയാളത്തിൽ" സംസാരിച്ച് കാര്യം പറയാൻ നോക്കിയത്രേ! 🤣
കുതിരയോട് മലയാളത്തിൽ ഉപദേശം നൽകിയ കഥ കേട്ട് ഞങ്ങളെല്ലാം ചിരിയോടു ചിരി. ഒടുവിൽ ഷാഹുലിന്റെയും റിഹാനയുടെയും കൂടെയുണ്ടായിരുന്ന ഗൈഡ് എത്തിയാണ് പാത്തുവിനെ രക്ഷപ്പെടുത്തിയത്. പേടിച്ചുവിറച്ച ആ മണാലി യാത്ര അങ്ങനെ ഓർത്തുചിരിക്കാനുള്ള ഒരു രസികൻ ഓർമ്മയായി മാറും എന്ന് ആരും കരുതിയില്ല! ❤️
പങ്കുവെച്ച സ്നേഹവും കരുതലും
പിന്നീട് ഞങ്ങൾ ഭക്ഷണം ഒരുമിച്ച് ഓൺലൈനായി ബുക്ക് ചെയ്ത്, കൈവശമുണ്ടായിരുന്ന പലഹാരങ്ങളും ഒരേപാത്രത്തിൽ നിന്ന് പങ്കുവെച്ച് കഴിച്ചു. അവിടെ ആരും അപരിചിതരായിരുന്നില്ല. ഭക്ഷണത്തിന്റെ രുചിയേക്കാൾ വലുതായിരുന്നു അതിനൊപ്പം പങ്കുവെച്ച സ്നേഹം.
യാത്രയ്ക്കിടെ ഷാഹുലും റിഹാനയും ചേർന്ന് ഒരു പ്രമോഷൻ വീഡിയോ റെക്കോർഡ് ചെയ്തപ്പോൾ ഞങ്ങളെല്ലാം അതിലെ അഭിനേതാക്കളായി!
തീവണ്ടിയാത്രയിലെ സുരക്ഷാ കാര്യങ്ങളെക്കുറിച്ചും രാത്രി തണുപ്പ് കൂടുമ്പോൾ പുതച്ചു മൂടി ഉറങ്ങാതെ ശ്രദ്ധിക്കേണ്ടതിനെക്കുറിച്ചുമെല്ലാം ശരവണൻ വിശദമായി പറഞ്ഞുതന്നു. പഹൽഗാം ആക്രമണം നടന്ന ദിവസം കാശ്മീരിൽ അകപ്പെട്ടപ്പോൾ നമ്മുടെ പട്ടാളക്കാർ നൽകിയ സംരക്ഷണത്തിന്റെ കഥയും അദ്ദേഹം പങ്കുവെച്ചു: “നിങ്ങൾ ജീവിതം ആസ്വദിക്കാൻ വന്നതാണ്… നിങ്ങൾക്ക് കാവലാളായി ഞങ്ങളുണ്ട്.” പ്രതിസന്ധികളിൽ ആത്മവിശ്വാസം പകരുന്ന കാവൽമാലാഖമാരാണ് നമ്മുടെ സൈനികരെന്ന് ആ അനുഭവങ്ങൾ ഓർമ്മിപ്പിച്ചു.
തലമുറകളുടെ പാലം...
ഒരുവശത്ത് ജീവിതാനുഭവങ്ങളുടെ പഴക്കവുമായി പഴയകാല കഥകൾ പറഞ്ഞ ഉമ്മമാർ; മറുവശത്ത് സ്വപ്നങ്ങളുടെ പുതുമയുമായി പഠനവിശേഷങ്ങൾ പങ്കുവെച്ച എം.ബി.ബി.എസ് വിദ്യാർത്ഥിനി അലീന. രണ്ട് തലമുറകളെയും രണ്ട് ജീവിതലോകങ്ങളെയും കൂട്ടിയിണക്കുന്ന മനോഹരമായ പാലമായി ആ യാത്ര മാറി. (അലീന കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ ഇറങ്ങി യാത്ര പറഞ്ഞു).
മഥുരയിൽ നിന്ന് കൊയിലാണ്ടിവരെ നീണ്ട ആ ട്രെയിൻ യാത്രയ്ക്കിടയിൽ, ഞങ്ങൾ അറിയാതെ തന്നെ ഒരു കുടുംബമായി മാറുകയായിരുന്നു.
കൊയിലാണ്ടി റെയിൽവേ സ്റ്റേഷൻ: മറക്കാനാവാത്ത വിടപറയൽ...
ഒടുവിൽ ആ നിമിഷവുമെത്തി... കൊയിലാണ്ടി റെയിൽവേ സ്റ്റേഷൻ!
ട്രെയിൻ നിർത്തി, ഞങ്ങൾ പ്ലാറ്റ്ഫോമിലേക്കിറങ്ങി. കെട്ടിപ്പിടിച്ചുള്ള യാത്രപറച്ചിലുകൾ... ഹൃദയം ഹൃദയത്തോട് ചേർന്ന നിമിഷങ്ങൾ... ആ നിമിഷം എല്ലാവരുടെയും കണ്ണുകളിൽ സന്തോഷത്തോടൊപ്പം പിരിയുന്നതിന്റെ സങ്കടത്താലുള്ള തിളക്കവും ഉണ്ടായിരുന്നു.
ട്രെയിൻ പതുക്കെ നീങ്ങിത്തുടങ്ങിയപ്പോൾ പ്ലാറ്റ്ഫോമിൽ നിന്നും ഉള്ളിൽ നിന്നും കൈവീശിയ ഓരോ നോക്കിലും വീണ്ടും കാണണമെന്ന ആഗ്രഹമുണ്ടായിരുന്നു. ഫോണിലൂടെ ബന്ധം തുടരാം, ഇനിയും ഒരുമിച്ച് യാത്ര പോകണം എന്ന വാഗ്ദാനത്തോടെ ഞങ്ങൾ പിരിഞ്ഞു.
മഥുര എനിക്ക് സമ്മാനിച്ചത് ശ്രീകൃഷ്ണദർശനം മാത്രമല്ല, കൃഷ്ണനെപ്പോലെ സ്നേഹവും നന്മയും പങ്കുവെച്ച കുറെ നല്ല മനുഷ്യരെക്കൂടിയാണ്. കൃഷ്ണൻ തന്റെ സതീർഥ്യനായ കുചേലനെ കാണാൻ വർഷങ്ങൾ എടുത്തുവെങ്കിൽ, ഞങ്ങൾക്ക് കിട്ടിയ ഈ പുതിയ കൂട്ടുകാരെ എത്രയും പെട്ടെന്ന് വീണ്ടും കാണാൻ സാധിക്കട്ടെ!
യാത്രാ ചെലവുകളും തയ്യാറെടുപ്പുകളും 💰
ഡൽഹി, അമൃത്സർ, മഥുര, ആഗ്ര എന്നിവിടങ്ങളിലേക്ക് 09.10.2026 മുതൽ 15.10.2026 വരെ നടത്തിയ ഈ യാത്ര പെട്ടെന്നുണ്ടായ ഒന്നായിരുന്നില്ല; വർഷങ്ങളുടെ ഒരുക്കവും സ്വരുകൂട്ടലുമായിരുന്നു ഇതിന് പിന്നിൽ.
സംഘാംഗങ്ങൾ: മനോജ് ടി.കെ, പ്രദീപ് കുമാർ പി.കെ, ബാബു പി.പി, രാജൻ റോയൽ, രജീഷ് അർച്ചന.
ക്യാപ്റ്റൻ: യാത്ര പ്ലാൻ ചെയ്ത് ട്രെയിൻ ടിക്കറ്റുകൾ മുൻകൂട്ടി ബുക്ക് ചെയ്ത് വഴികാട്ടിയത് മുൻ സൈനികനായ പ്രദീപ് കുമാർ പി.കെ. ആണ്. അദ്ദേഹത്തിന്റെ ഹിന്ദി ഭാഷാപരിജ്ഞാനവും ചെലവുകൾ അപ്പപ്പോൾ മൊബൈൽ ആപ്പിൽ കൃത്യമായി രേഖപ്പെടുത്തിയതും യാത്ര സുഗമമാക്കി.
ഒരാൾക്ക് ആയ ആകെ ചെലവ്: ₹14,380/-
വിവിധ ദേശങ്ങൾ... ഭാഷകൾ... വിവിധ സംസ്കാരങ്ങൾ...
കാഴ്ചകൾ കാണാനുള്ളതാണ്, സംസ്കാരങ്ങളും ഭക്ഷണവും അനുഭവിച്ചറിയാനുള്ളതാണ്!
അടുത്ത വർഷം കാശ്മീർ യാത്ര... തയ്യാറെടുപ്പുകൾ തുടങ്ങി!
യാത്രകൾ അവസാനിക്കുന്നില്ല, യാത്രകൾ തുടരുകയാണ്...
സ്നേഹത്തോടെ,
ടി.കെ മനോജ് 🙏😍
മനസ്സിൽ മായാത്ത മഥുരയും ട്രെയിൻ യാത്ര സമ്മാനിച്ച അപൂർവ്വ സൗഹൃദങ്ങളും
രചന: ടി.കെ മനോജ്
| കീഴരിയൂർ
മനോജ്.ടി.കെ.✍️
അമൃത്സർ യാത്ര - ഒരു ഹൃദയസ്പർശിയായ അനുഭവം
ഡൽഹി ദർശനം പൂർത്തിയാക്കി ഞാൻ., രാജൻ റോയൽ, പ്രദീപൻ പി.കെ, ബാബു പി.പി, രാജീഷ് അർച്ചന എന്നിവരടങ്ങുന്ന ഞങ്ങളുടെ സംഘം രാത്രിയോടെ ഹസ്രത്ത് നിസാമുദ്ദീൻ റെയിൽവേ സ്റ്റേഷനിൽ തിരിച്ചെത്തി. ഛത്തീസ്ഗഡ് എക്സ്പ്രസ്സിലാണ് അമൃത്സറിലേക്കുള്ള ടിക്കറ്റ് ബുക്ക് ചെയ്തിരുന്നത്...
നിസാമുദ്ദീനിലെ ഉറക്കമൊഴിച്ചിൽ
സ്റ്റേഷനിൽ ഇറങ്ങി മൊബൈലിൽ ട്രെയിനിന്റെ യാത്രാ വിവരം നോക്കിയതോടെ ഞങ്ങൾ നിരാശയിലായി. ട്രെയിൻ വളരെ വൈകിയാണ് ഓടുന്നത്! റൂട്ട് മാറി ഓടുന്നതിനാൽ ട്രെയിനിനെ ട്രാക്ക് ചെയ്യാനും പറ്റുന്നില്ല. സ്റ്റേഷനിൽ അന്വേഷിച്ചപ്പോൾ ഉദ്യോഗസ്ഥരും കൈമലർത്തുന്നു.
ഡൽഹിയിൽ സമര പരമ്പരകൾ... പല ട്രെയിനുകളും റദ്ദാകുന്നു എന്നും മെട്രോ സ്റ്റേഷനുകൾ അടച്ചിടുന്നു എന്നുമുള്ള വാർത്തകളും ആശങ്ക പരത്തി. സമയം രാത്രി 10 മണിയായി, 12 മണിയായി... ട്രെയിൻ വരുന്നില്ല. പ്ലാറ്റ്ഫോമിലെ ബെഞ്ചിൽ ബാഗ് തലയിണയാക്കി, ട്രെയിനിന്റെയും യാത്രക്കാരുടെയും ബഹളവും തണുപ്പും സഹിച്ച് ഞങ്ങൾ കാത്തിരുന്നു. ഉറക്കം വരുന്നുണ്ടെങ്കിലും മനസ്സിന്റെ അസ്വസ്ഥത കാരണം ഉറങ്ങാൻ പറ്റുന്നില്ല. ഒടുവിൽ പിറ്റേന്ന് പുലർച്ചെ 4:30നാണ് ട്രെയിൻ എത്തിയത്. ഒരു രാത്രി മുഴുവൻ നിസാമുദ്ദീനിൽ ഉറക്കമൊഴിച്ച ആ അനുഭവം ജീവിതത്തിൽ മറക്കാനാവില്ല!

വാഗാ ബോർഡറും ജാലിയൻവാലാബാഗും
ട്രെയിൻ വൈകിയതുകൊണ്ട് ഞങ്ങളുടെ പ്രധാന ആഗ്രഹമായിരുന്ന വാഗാ ബോർഡർ സന്ദർശനം നഷ്ടമായി. ഉച്ചയ്ക്ക് 1:30ന് മുൻപ് അമൃത്സറിൽ എത്തിയാൽ മാത്രമേ വാഗാ ബോർഡറിലെ പരേഡും പതാക താഴ്ത്തൽ ചടങ്ങും കാണാൻ കഴിയൂ. സമയം വൈകിയതിനാൽ ആ സ്വപ്നം ഞങ്ങൾക്ക് ഉപേക്ഷിക്കേണ്ടി വന്നു.
എങ്കിലും അമൃത്സർ സ്റ്റേഷനിൽ ഇറങ്ങിയ ഉടൻ ഞങ്ങൾ ഒരു ഓട്ടോ വിളിച്ച് നേരെ ജാലിയൻവാലാബാഗിലേക്ക് പോയി.
ജാലിയൻവാലാബാഗ് - രക്തം കൊണ്ട് എഴുതിയ ചരിത്രം
സ്വാതന്ത്ര്യസമര ചരിത്രത്തിൽ മറക്കാനാവാത്ത, ഹൃദയഭേദകമായ സ്ഥാനമുള്ള ജാലിയൻവാലാബാഗിലൂടെ ഞങ്ങൾ നടന്നു. 1919 ഏപ്രിൽ 13ന് ജനറൽ ഡയറുടെ നിർദ്ദേശപ്രകാരം നിരായുധരായ ജനക്കൂട്ടത്തിന് നേരെ നടത്തിയ വെടിവെപ്പിൽ ആയിരത്തിലധികം പേർ രക്തസാക്ഷികളായ മണ്ണാണിത്. ഇന്നും ആ ബുള്ളറ്റ് പാടുകൾ ചുമരുകളിൽ കാണാം; രക്തസാക്ഷി കിണർ കാണാം. രക്തം ചിന്തിയ ആ മണ്ണിൽ നിൽക്കുമ്പോൾ ശരീരം തരിച്ചുപോകും. നിശബ്ദമായി ആ ധീര രക്തസാക്ഷികൾക്ക് പ്രണാമം അർപ്പിച്ച് ഞങ്ങൾ പുറത്തിറങ്ങി.
രാത്രി 9 മണിയിലെ സുവർണക്ഷേത്രം
ഒരു മുറി എടുത്ത് അല്പം വിശ്രമിച്ച ശേഷം രാത്രിയോടെ ഞങ്ങൾ സുവർണക്ഷേത്രത്തിലേക്ക് പുറപ്പെട്ടു - ഹർമന്ദിർ സാഹിബ് (ദൈവത്തിന്റെ വാസസ്ഥലം).
സ്വർണത്തിൽ കുളിച്ചുനിൽക്കുന്ന സുവർണക്ഷേത്രം കണ്ടത് ജീവിതത്തിലെ സവിശേഷമായ ഒരു കാഴ്ചയായിരുന്നു. അമൃത് സരോവറിൽ പ്രതിഫലിക്കുന്ന സ്വർണ തിളക്കം, ശാന്തമായ ഗുരുബാനി സംഗീതം... എല്ലാം മനസ്സിന് പറഞ്ഞറിയിക്കാനാവാത്ത ശാന്തി തന്നു. രാത്രി 11 മണി വരെ സുവർണക്ഷേത്രം ചുറ്റിനടന്ന് കണ്ടു. ശേഷം ലംഗറിൽ നിന്ന് ചൂടുള്ള കടുംചായയും കുടിച്ച് റൂമിലേക്ക് മടങ്ങി. അത്രയും നേരം അനുഭവിച്ച ക്ഷീണമെല്ലാം ആ കാഴ്ചയിൽ അലിഞ്ഞുപോയിരുന്നു, മനസ്സ് നിറഞ്ഞുനിന്നു.

ഭക്ഷണ സഞ്ചി രക്ഷകനായി
പിറ്റേന്ന് രാവിലെ 6:20ന്റെ വന്ദേ ഭാരത് എക്സ്പ്രസ്സിലായിരുന്നു ഞങ്ങളുടെ മടക്കയാത്ര. യാത്രയിലെ ഭക്ഷണ അനുഭവങ്ങൾ വളരെ രസകരമായിരുന്നു:
കരുതലായ ഭക്ഷണ സഞ്ചി: നിസാമുദ്ദീൻ - അമൃത്സർ യാത്രയിൽ ട്രെയിൻ വൈകിയപ്പോൾ ഞങ്ങൾ കരുതിയ ചെറിയ ഭക്ഷണ സഞ്ചി ശരിക്കും രക്ഷകനായി. വീട്ടിൽ നിന്ന് കരുതിയ ബേക്കറി സാധനങ്ങൾ, പഴവർഗ്ഗങ്ങൾ, വെള്ളം, അവൽ - അതുകൊണ്ടാണ് ആ നീണ്ട മണിക്കൂർ യാത്ര ഞങ്ങൾ പിടിച്ചുനിന്നത്. ട്രെയിനിൽ പലർക്കും ഭക്ഷണം കിട്ടാതെ ബുദ്ധിമുട്ടിയപ്പോൾ ഞങ്ങളുടെ ആ ചെറിയ സഞ്ചി വലിയൊരു അനുഗ്രഹമായി മാറി.
വന്ദേ ഭാരതിലെ ഫൈവ് സ്റ്റാർ അനുഭവം: എന്നാൽ തിരിച്ചുള്ള വന്ദേ ഭാരത് യാത്ര അതിന് നേരെ വിപരീതമായിരുന്നു! കുപ്പിവെള്ളം തൊട്ട് ചായ, സ്നാക്സ്, ബ്രേക്ക്ഫാസ്റ്റ്, ലഞ്ച് വരെ - എല്ലാം സമയത്ത്, രുചികരമായി, വൃത്തിയായി ലഭിച്ചു. ആ ചെറിയ സഞ്ചിയിൽ നിന്ന് വന്ദേ ഭാരതിലെ ഈ ഫൈവ് സ്റ്റാർ ഭക്ഷണത്തിലേക്കുള്ള മാറ്റം - അതായിരുന്നു ഞങ്ങളുടെ അമൃത്സർ യാത്രയുടെ ഏറ്റവും കൗതുകകരമായ ഒരു രുചി ഓർമ്മ.
സ്റ്റേഷനിൽ ഇറങ്ങി ഞങ്ങൾ നേരെ അക്ഷർധാം ക്ഷേത്രത്തിലേക്ക് പോയി. വിശാലമായ പരിസരം, അതിമനോഹരമായ കൊത്തുപണികൾ, ബോട്ട് യാത്ര, ലേസർ ഷോ - എല്ലാം കണ്ട് വൈകീട്ടോടെ ഞങ്ങൾ മഥുരയിലേക്കുള്ള യാത്രയ്ക്കായി വീണ്ടും നിസാമുദ്ദീനിലേക്ക് തിരിച്ചു.
അങ്ങനെ അമൃത്സർ യാത്ര ഹൃദയത്തിൽ വലിയൊരു ഓർമ്മയായി അവശേഷിക്കുന്നു...
തുടരും... മഥുരയാത്ര 🙏
ഞാൻ വായിച്ച പുസ്തകമാണ് കുഞ്ഞുണ്ണി കഥകൾ ഈ പുസ്തകത്തിലെ ഓരോ കഥയും വളരെ രസകരവും ചിന്തിപ്പിക്കുന്നതും മാണ്. ലളിതമായ ഭാഷയിൽ എഴുതിയതിനാൽ എനിക്ക് കഥകൾ എളുപ്പത്തിൽ മനസ്സിലാക്കാൻ കഴിഞ്ഞു. കഥകളിലെ കഥാപാത്രങ്ങളും സംഭവങ്ങളും എനിക്ക് ഏറെ ഇഷ്ടമായി. ഈ പുസ്തകം വായിച്ചതിലൂടെ സത്യം പറയുക. നല്ല ശീലങ്ങൾ പാലിക്കുക മറ്റുള്ളവരെ സഹായിക്കുക. തുടങ്ങിയ നല്ല കാര്യങ്ങൾ ഞാൻ പഠിച്ചു. ഓരോ കഥയുടെ അവസാനത്തും ഒരു നല്ല സന്ദേശം ഉണ്ടായിരുന്നു. അതുകൊണ്ട് ഈ പുസ്തകം വായിക്കുന്നത് എനിക്ക് അറിവും സന്തോഷവും ഒരുപോലെ നൽകി. ഈ പുസ്തകം വായിച്ചതിനുശേഷം കൂടുതൽ പുസ്തകം വായിക്കണമെന്ന് ആഗ്രഹം എനിക്കുണ്ടായി . വായന നമ്മുടെ അറിവ് വർദ്ധിപ്പിക്കുകയും ഭാഷ മെച്ചപ്പെടുത്തുകയും നല്ല സ്വഭാവങ്ങൾ വളർത്തിയെടുക്കുകയും ചെയ്യും എന്നാണ് ഞാൻ മനസ്സിലാക്കി. അതുകൊണ്ട് എന്റെ എല്ലാ കൂട്ടുകാർക്കും ഈ പുസ്തകം വായിക്കാൻ ഞാൻ സന്തോഷത്തോടെ നിർദ്ദേശിക്കുന്നു.
ഞാൻ വരച്ച കുഞ്ഞ് വീട് എങ്ങിനെ ഉണ്ട് കൂട്ടുകാരെ ?
അറിവിന്റെ ജാലകമാണ് വായന
നല്ലൊരു നാളേക്കുള്ള ആദ്യ ചുവടാണ് വായന
ജീവിതത്തിന്റെ വെളിച്ചമാണ് വായന
ജീവിതത്തിന്റെ വഴികാട്ടിയാണ് വായന
മനസ്സിനെയും ലോകത്തെയും തുറന്നുകാട്ടുന്നൊരു ശക്തിയാണ് വായന
അക്ഷരങ്ങളുടെ ലോകത്തേക്കുള്ള കവാടമാണ് വായന
എനിക്ക് ഇഷ്ട്ടമാണ് വായന
അറിവിന്റെ നല്ലൊരു പാത
പുതകങ്ങൾ കൂട്ടുകാരായി തുറക്കുന്നു
പുതിയൊരു ലോകം
എനിക്ക് ഇഷ്ട്ടമാണ് വായന
സ്വപ്നങ്ങൾക്ക് ചിറകേകും
ഓരോ താളും മറിക്കുമ്പോൾ
വിജയത്തിലേക്ക് എന്നെ നയിക്കും
ഞാൻ വരച്ച അനിമി യുടെ ചിത്രം ഇഷ്ടമായാൽ ഷെയർ ചെയ്യണേ
ഞാൻ വരച്ച പ്രകൃതിയുടെ ചിത്രം ഇഷ്ടമായാൽ ഷെയർ ചെയ്യണേ
പണ്ടുകാലത്തെ ഓണക്കാലം ഓർക്കുമ്പോൾ മനസ്സിൽ ആദ്യം ഓടിയെത്തുന്നത് മുറ്റത്തെ പൂക്കളവും ഊഞ്ഞാലാട്ടവുമാണ്. ഇന്നത്തെപ്പോലെ കമ്പോളത്തിൽ നിന്ന് വാങ്ങുന്ന പൂക്കളല്ല, പറമ്പിലും കാട്ടിലും പൂത്തുനിൽക്കുന്ന തുമ്പയും മുക്കുറ്റിയും തെച്ചിപ്പൂക്കളും ശേഖരിക്കാൻ പുലർച്ചെ തന്നെ കുട്ടികൾ കൂട്ടത്തോടെ ഇറങ്ങുമായിരുന്നു.
ഓണത്തല്ലും വള്ളംകളിയും ഒക്കെ ഗ്രാമത്തിന്റെ ഒരുമയുടെ പ്രതീകങ്ങളായിരുന്നു. ഇന്ന് അതെല്ലാം ഓർമ്മകളിലേക്ക് ചുരുങ്ങുമ്പോൾ, പുതിയ തലമുറയ്ക്ക് ആ നാട്ടുനന്മകളും ഗൃഹാതുരത്വവും കൈമോശം വരുന്നത് കാണുമ്പോൾ ചെറിയൊരു സങ്കടം തോന്നാറുണ്ട്. എങ്കിലും മഴവില്ല് പോലെ ആ ഓർമ്മകൾ ഇന്നും മനസ്സിൽ തെളിഞ്ഞുനിൽക്കുന്നു
എനിക്ക് അഞ്ച് വയസ്സുള്ളപ്പോഴാണ് ആദ്യമായി സ്കൂളിൽ പോയത്. പുതിയ കുടയും ബാഗും ഒക്കെ കിട്ടിയപ്പോൾ വലിയ സന്തോഷമായിരുന്നു എങ്കിലും അച്ഛന്റെ കൈ വിട്ട് ക്ലാസ്സിലേക്ക് പോകാൻ എനിക്ക് പേടിയായിരുന്നു. അമ്മയെ കാണാതെ ഞാൻ ഉറക്കെ കരയാൻ തുടങ്ങി.
അപ്പോൾ ക്ലാസ്സിലെ ടീച്ചർ അടുത്തുവന്ന് സ്നേഹത്തോടെ എന്നെ ചേർത്തുപിടിക്കുകയും ഒരു ചോക്ലേറ്റ് തരുകയും ചെയ്തു. ഒപ്പമുണ്ടായിരുന്ന കുട്ടികൾ പലരും കരയുന്നുണ്ടായിരുന്നു. ടീച്ചർ പല തരം കളികളിലൂടെയും പാട്ടുകളിലൂടെയും ഞങ്ങളുടെ സങ്കടം മാറ്റി. വൈകുന്നേരം മണി അടിച്ചപ്പോൾ പുതിയ കുറെ കൂട്ടുകാരുമായാണ് ഞാൻ വീട്ടിലേക്ക് മടങ്ങിയത്. ഇന്നും ഓർക്കുമ്പോൾ മുഖത്ത് പുഞ്ചിരി വരുത്തുന്ന മനോഹരമായ ഒരു ഓർമ്മയാണിത്.
ആദ്യമായി സ്കൂളിൽ പോയ ദിവസം (അനുഭവങ്ങൾ)
രചന: ദേവനന്ദൻ പി.
(ക്ലാസ്സ് 8) | കീഴരിയൂർ തെരു
നടുവത്തൂർ എൽ.പി.എസ്

പച്ചപ്പുല്ലിൻ തലപ്പിലിരിക്കും,
തുമ്പിപ്പെണ്ണേ നിൻ ചിറകുകൾ കാണാൻ.
സ്വർണ്ണ നിറമുള്ള കുഞ്ഞിച്ചിറകുകൾ,
തുന്നി വെച്ചതു പോലെയുണ്ടല്ലോ.
അരികിൽ വരും ഒരു പുൽച്ചാടിയണ്ണൻ,
ചാടിച്ചാടി പാട്ടുകൾ പാടും.
പച്ചയുടുപ്പിട്ട കൂട്ടുകാരൻ അവൻ,
കാട്ടുപൂക്കൾ തൻ തേൻ കുടിക്കും.
കഴിഞ്ഞ വെക്കേഷന് ഞാനും എന്റെ കുടുംബവും കൂടിയാണ് കൊച്ചിയിലെ വണ്ടർലാ അമ്യൂസ്മെന്റ് പാർക്കിലേക്ക് പോയത്. രാവിലെ തന്നെ ഞങ്ങൾ അവിടെ എത്തിച്ചേർന്നു. വലിയ റൈഡുകൾ കാണുമ്പോൾ തന്നെ മനസ്സിൽ ഭയവും ആകാംഷയും നിറഞ്ഞു.
ആദ്യം ഞങ്ങൾ ഡ്രൈ ലാൻഡ് റൈഡുകളിലാണ് കയറിയത്. ആകാശത്തേക്ക് ഉയർന്നുപൊങ്ങി വട്ടത്തിൽ കറങ്ങുന്ന റൈഡുകൾ വലിയൊരു ത്രില്ലായിരുന്നു. ഉച്ചയ്ക്ക് ശേഷം ഞങ്ങൾ വാട്ടർ റൈഡുകളിലേക്ക് നീങ്ങി. വേവ് പൂളിലെ വലിയ തിരമാലകൾക്കിടയിൽ കളിച്ചതും വലിയ റൈഡിലൂടെ വെള്ളത്തിലേക്ക് കുതിച്ചുപാഞ്ഞതും ഒരിക്കലും മറക്കാൻ കഴിയില്ല. കൗമാരപ്രായക്കാർക്ക് തങ്ങളുടെ കൂട്ടുകാരുമൊത്ത് പോയി ആസ്വദിക്കാൻ പറ്റിയ ഏറ്റവും മികച്ച സ്ഥലമാണിത്.
എന്റെ സ്വപ്നങ്ങളിലെ സുന്ദരമായ ഗ്രാമത്തിന്റെ ചിത്രമാണിത്. വലിയ പച്ചപ്പുള്ള വയലുകളും, അതിലൂടെ ഒഴുകുന്ന കുഞ്ഞൻ തോടും, ആകാശത്ത് വട്ടമിട്ടു പറക്കുന്ന പക്ഷികളും എന്റെ മനസ്സിൽ വിരിഞ്ഞതുപോലെ ചിത്രത്തിൽ പകർത്തിയിരിക്കുന്നു.
പഴയ വനത്തിന്റെ അതിരിലുള്ള ഒരു ചെറിയ വീട്ടിലായിരുന്നു അമ്മു താമസിച്ചിരുന്നത്. ഒരു ദിവസം സ്കൂൾ കഴിഞ്ഞു വരുമ്പോൾ വഴിയിൽ നിന്ന് അവൾക്കൊരു മനോഹരമായ ചുവന്ന പെൻസിൽ കിട്ടി. വീട്ടിലെത്തിയ ഉടൻ അവൾ ആ പെൻസിൽ കൊണ്ട് തന്റെ നോട്ടബുക്കിൽ ഒരു കുഞ്ഞൻ മുയലിന്റെ ചിത്രം വരച്ചു.
അത്ഭുതമെന്നു പറയട്ടെ, വരച്ചു കഴിഞ്ഞയുടൻ ആ മുയൽ ബുക്കിൽ നിന്ന് പുറത്തേക്ക് ചാടി മുറ്റത്തേക്ക് ഓടിപ്പോയി! അതൊരു മാന്ത്രിക പെൻസിൽ ആയിരുന്നു. അമ്മു പിന്നീട് വിശക്കുന്ന ഒരു പാവം പക്ഷിക്ക് വേണ്ടി കുറച്ചു ധാന്യങ്ങളും, തണൽ തരാൻ മനോഹരമായ മരങ്ങളും ആ പെൻസിൽ കൊണ്ട് വരച്ചുണ്ടാക്കി. തനിക്കു കിട്ടിയ മാന്ത്രിക ശക്തി മറ്റുള്ളവരെ സഹായിക്കാനാണ് ഉപയോഗിക്കേണ്ടതെന്ന് ആ കൊച്ചുമിടുക്കി പഠിച്ചു.
മാന്ത്രിക പെൻസിലും കുഞ്ഞൻ മുയലും (കഥ)
രചന: ആദിത്യൻ കെ. പി.
(ക്ലാസ്സ് 9) | നടുവത്തൂർ
കൊയിലാണ്ടി ഗവ. ഹൈസ്കൂൾ
കനത്ത മഞ്ഞും കുളിരുമുള്ള ഒരു പുലർച്ചെയാണ് ഞങ്ങൾ മൂന്നാറിലെത്തിയത്. തേയിലത്തോട്ടങ്ങളുടെ പച്ചപ്പ് നിറഞ്ഞ കുന്നുകളെ മൂടിക്കിടക്കുന്ന കോടമഞ്ഞ് ഒരു അത്ഭുതക്കാഴ്ചയായിരുന്നു. കാറ്റടിക്കുമ്പോൾ മഞ്ഞിൻകണങ്ങൾ മുഖത്ത് വന്ന് പതിക്കുന്ന അനുഭവം വിവരണാതീതമാണ്.
മാട്ടുപ്പെട്ടി ഡാമും ടോപ്പ് സ്റ്റേഷനും സന്ദർശിച്ച ശേഷം വൈകുന്നേരത്തോടെ ഞങ്ങൾ തിരികെ പോരുമ്പോൾ മൂന്നാർ ഞങ്ങളുടെ മനസ്സിൽ ഒരു മനോഹര സ്വപ്നമായി മാറിക്കഴിഞ്ഞിരുന്നു. പ്രകൃതി സ്നേഹികൾ ഒരിക്കലെങ്കിലും കണ്ടിരിക്കേണ്ട പച്ചപ്പിന്റെ സ്വർഗ്ഗമാണിത്.
കീഴരിയൂർ ഗ്രാമത്തിലെ ശാന്തമായ ഒരു സന്ധ്യയുടെ മനോഹരമായ ജലച്ചായ ചിത്രം. തോടും തെങ്ങിൻനിരകളും ദൂരെ ചുവന്ന ആകാശവും ചിത്രത്തിൽ ആവിഷ്കരിച്ചിരിക്കുന്നു. നാടിന്റെ തനിമ വിളിച്ചോതുന്ന പച്ചപ്പും പ്രകൃതിഭംഗിയും ഇതിൽ നിറഞ്ഞുനിൽക്കുന്നു.
പഴയ അമ്പലപ്പറമ്പിലെ വലിയ പേരാൽമരത്തിന്റെ ചുവട്ടിൽ ഇരിക്കുമ്പോൾ കുട്ടൻ എപ്പോഴും ആകാശത്തേക്ക് നോക്കുമായിരുന്നു. അപ്പൂപ്പൻ പറഞ്ഞു തന്ന കഥകളിലെ യക്ഷിയും ഗന്ധർവ്വന്മാരും ആ ഇലകൾക്കിടയിൽ ഒളിച്ചിരിപ്പുണ്ടെന്ന് അവൻ വിശ്വസിച്ചു. കാറ്റടിക്കുമ്പോൾ ഇലകൾ തമ്മിലുരസി ഉണ്ടാകുന്ന ശബ്ദത്തിന് ഒരു പ്രത്യേക താളമുണ്ടായിരുന്നു.
ഒരു വൈകുന്നേരം, ആകാശത്ത് കരിമേഘങ്ങൾ ഉരുണ്ടുകൂടിയപ്പോൾ പേരാൽമരത്തിലെ ഇലകൾ കൂടുതൽ ഉച്ചത്തിൽ സംസാരിക്കാൻ തുടങ്ങി. അന്ന് കുട്ടൻ ആദ്യമായി ആ ഇലകളുടെ സംഗീതം തിരിച്ചറിഞ്ഞു. അത് കാറ്റിന്റെയോ മരത്തിന്റെയോ മാത്രം ശബ്ദമായിരുന്നില്ല, മറിച്ച് കാലങ്ങളായി ആ മരം സാക്ഷ്യം വഹിച്ച നൂറുകണക്കിന് മനുഷ്യരുടെ ജീവിതകഥകളുടെ ആകെത്തുകയായിരുന്നു.
ആകാശച്ചെരുവിൽ വിരിയും വർണ്ണങ്ങൾ,
മഴതൻ ഓർമ്മയിൽ വിതുമ്പും രാവുകൾ.
ചുവപ്പും മഞ്ഞും പച്ചയുമായി,
മണ്ണിൽ പെയയും വെളിച്ചമായി.
ആരും കാണാ തോരാമഴയിൽ,
ഏഴഴകായി തെളിയും ചന്തം.
നന്മകൾ തുന്നിയ ഗ്രാമത്തിൻ നെഞ്ചിൽ,
മഴവില്ലായ് നീ വിരിയുക വീണ്ടും!
പുതിയ സൃഷ്ടി സമർപ്പിക്കുക
മഴവില്ല് കൂട്ടായ്മയിലേക്ക് അയക്കൂ
കൂട്ടുകാരുടെ കഥകൾ, കവിതകൾ, അനുഭവങ്ങൾ, യാത്രാവിവരണങ്ങൾ, വരകൾ എന്നിവ ഇവിടെ അയച്ചു തരാം.

രചന: മനോജ്.ടി.കെ.
(-) | കീഴരിയൂർ
വര: Alankritha niju (2 th class)
രചന: Zara Zainab
(4-B) | കീഴരിയൂർ
രചന: സെദ ഖദീജ
(ക്ലാസ് -4) | കീഴരിയൂർ
വര: ആഷ്മിക. എ. ജിതിൻ (ഒന്നാം ക്ലാസ്സ്)
രചന: നന്ദു.പി.കെ
(7-ക്ലാസ് A) | കീഴരിയൂർ


അഭിപ്രായങ്ങൾ (0)