പട്ടികജാതി വികസന വകുപ്പിൽ ജോലി ഒഴിവ്. തൊഴിൽ പരിശീലന പദ്ധതിയായ ട്രെയിസിൻ്റെ ഭാഗമായി ക്ലറിക്കൽ അസിസ്റ്റന്‍റുമാരുടെ ഒഴിവിലേക്കാണ് അപേക്ഷ ക്ഷണിക്കുന്നത്. യോഗ്യത, ശമ്പളം തുടങ്ങിയ വിശദാംശങ്ങൾ അറിയാം
ബിരുദവും കമ്പ്യൂട്ടർ പരിജ്ഞാനവുമുള്ള പട്ടികജാതി വിഭാഗം യുവതി യുവാക്കൾക്കാണ് അപേക്ഷിക്കാനാകുക.ആറ് മാസത്തിൽ കുറയാത്ത പി.എസ്.സി അംഗീകൃത കമ്പ്യൂട്ടർ കോഴ്‌സ് പാസായിരിക്കണം.
അപേക്ഷിക്കാനുള്ള പ്രായപരിധി – 21 – 35 വയസ് ആണ്.യോഗ്യതാ കോഴ്‌സ് വിജയകരമായി പൂർത്തിയാക്കിയവർക്ക് മാത്രമായിരിക്കും അപേക്ഷിക്കാൻ സാധിക്കുക. രണ്ട് വർഷത്തേക്കാണ് പരിശീലന കാലാവധി. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് 12,000 രൂപ ഓണറേറിയം ലഭിക്കും.
പട്ടികജാതി വികസന വകുപ്പ് ഡയറക്ടറേറ്റ്, ജില്ലാ/ബ്ലോക്ക്/മുനിസിപ്പാലിറ്റി/കോർപ്പറേഷൻ പട്ടികജാതി വികസന ഓഫീസുകൾ, സബ് ഓഫീസുകൾ എന്നിവടങ്ങളിലായി ആകെ 225 പേരെയാണ് പരിശീലനത്തിനായി തിരഞ്ഞെടുക്കുക. അഭിമുഖത്തിലൂടെയാണ് നിയമനം.
ജാതി, വിദ്യാഭ്യാസയോഗ്യത, പ്രായം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പ്, പാസ്‌പോർട്ട് സൈസ് ഫോട്ടോ എന്നിവ സഹിതം ബന്ധപ്പെട്ട ജില്ലാ പട്ടികജാതി വികസന ഓഫീസുകളിലാണ് അപേക്ഷ സമർപ്പിക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്കും അപേക്ഷയുടെ മാതൃകയ്ക്കും അതത് പട്ടികജാതി വികസന ഓഫീസ്, ബ്ലോക്ക്/മുൻസിപ്പാലിറ്റി/കോർപ്പറേഷൻ പട്ടികജാതി വികസന ഓഫീസുകൾ, ജില്ലാ പട്ടികജാതി വികസന ഓഫീസുകൾ എന്നിവിടങ്ങളിൽ നിന്നും ലഭിക്കുന്നതാണെന്ന് അധികൃതർ അറിയിച്ചു.അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി നവംബർ 13. ഫോൺ: 0471 2737100. കൂടുതൽ വിവരങ്ങൾക്ക് https://www.scdd.kerala.gov.in/images/pdf/pdf2025/pdf2026/CLERICAL_ASST__NOTIFICATION.pdf
സംസ്ഥാന സർക്കാരിന് കീഴിൽ വേറേയും താത്കാലിക ഒഴിവുകൾ
ജൂനിയർ ഇൻസ്ട്രക്ടർ ജോലി നേടാം
തിരുവനന്തപുരം ചാല സർക്കാർ ഐടിഐയിൽ ഒഴിവ്. മൾട്ടിമീഡിയ ആനിമേഷൻ ആൻഡ് സ്പെഷ്യൽ എഫക്ട്സ് ട്രേഡിൽ ജൂനിയർ ഇൻസ്ട്രക്ടർ ഒഴിവുകളിലേക്കാണ് അവസരം. താത്കാലിക നിയമനമാണ്. മുസ്ലീം വിഭാഗത്തിൽ നിന്നുള്ളവർക്കാണ് അപേക്ഷിക്കാനാകുക.
മൾട്ടിമീഡിയ ആനിമേഷൻ സ്‌പെഷ്യൽ ഇഫക്ട്‌സിൽ ബിവോക്/ ബിരുദം/ രണ്ട് വർഷ ഡിപ്ലോമ/ അഡ്വാൻസ്ഡ് ഡിപ്ലോമ (വൊക്കേഷണൽ)/ ബന്ധപ്പെട്ട ട്രേഡിൽ എൻടിസി/ എൻഎസിയും മൂന്ന് വർഷത്തെ പ്രവൃത്തി പരിചയവും വേണം. ഒക്ടോബർ 31 രാവിലെ 11 ന് അസൽ സർട്ടിഫിക്കറ്റുമായി ചാല സർക്കാർ ഐ.ടി.ഐ പ്രിൻസിപ്പൽ മുമ്പാകെ ഹാജരാകണം. ഫോൺ 0471 2459255.
സ്വീപ്പർ ഒഴിവ്
തിരുവനന്തപുരം വഴുതക്കാട് കാഴ്ചപരിമിതർക്കായുള്ള സർക്കാർ വിദ്യാലയത്തിൽ ഫുൾടൈം സ്വീപ്പർ ഒഴിവ്. ദിവസവേതന അടിസ്ഥാനത്തിലാണ് നിയമനം. ഒക്ടോബർ 31 രാവിലെ 11 മുതൽ അഭിമുഖം നടത്തും. ഉദ്യോഗാർഥികൾ രാവിലെ 10 മണിക്ക് ബയോഡാറ്റയും യോഗ്യതയും മുൻപരിചയവും തെളിയിക്കുന്ന അസ്സൽ രേഖകൾ, തിരിച്ചറിയൽ കാർഡ് എന്നിവയുമായി സ്‌കൂൾ ഓഫീസിൽ എത്തണം. എഴുത്തും വായനയും അറിഞ്ഞിരിക്കണം, മികച്ച ശാരീരിക ക്ഷമത ഉണ്ടായിരിക്കണം. പ്രായപരിധി 18 – 56 വയസ്സ്. ഫോൺ: 04712328184, 9809664484.

















