ചരിത്രമെഴുതി ഇന്ത്യ! ട്വന്‍റി20 ലോകകപ്പിൽ മൂന്നാം കിരീടം; ന്യൂസിലൻഡിനെ 96 റൺസിന് തോൽപിച്ചു

On: March 8, 2026 10:58 PM
Follow Us:
പരസ്യം

അഹ്മദാബാദ്: ട്വന്‍റി20 ലോകകപ്പ് കിരീടം നേടി ചരിത്രമെഴുതി ഇന്ത്യ. അഹ്മദാബാദ് നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടന്ന കലാശപ്പോരിൽ ന്യൂസിലൻഡിനെ 96 റൺസിന് വീഴിത്തിയാണ് ഇന്ത്യയുടെ കിരീടനേട്ടം.

ട്വന്‍റി20 ലോകകപ്പ് കിരീടം നിലനിർത്തുന്ന ആദ്യ ടീമെന്ന റെക്കോഡിനൊപ്പം കൂടുതൽ കിരീടങ്ങളെന്ന നേട്ടവും ഇന്ത്യ സ്വന്തമാക്കി. രണ്ടു കിരീടങ്ങൾ നേടിയ വെസ്റ്റിൻഡീസിനെയും ഇംഗ്ലണ്ടിനെയുമാണ് ഇന്ത്യ പിന്നിലാക്കിയത്. ഇന്ത്യക്കുവേണ്ടി ജസ്പ്രീത് ബുംറ നാലു ഓവറിൽ 15 റൺസ് വഴങ്ങി നാലു വിക്കറ്റെടുത്തു. അക്ഷർ പട്ടേൽ മൂന്നു വിക്കറ്റ് വീഴ്ത്തി. ഓപ്പണർമാരായ മലയാളി താരം സഞ്ജു സാംസണിന്‍റെയും അഭിഷേക് ശർമയുടെയും ഇഷാൻ കിഷന്‍റെയും അർധ സെഞ്ച്വറികളാണ് ഇന്ത്യയെ റെക്കോഡ് സ്കോറിലെത്തിച്ചത്.

മൂന്നാം ഓവറിൽ ഫിൻ അലനെ (ഏഴു പന്തിൽ ഒമ്പത്) തിലക് വർമയുടെ കൈകളിൽ എത്തിച്ച് അക്ഷർ പട്ടേലാണ് ന്യൂസിലൻഡിന് ആദ്യ പ്രഹരം ഏൽപ്പിച്ചത്. തൊട്ടടുത്ത ഓവറിൽ രചിൻ രവീന്ദ്രയെ (രണ്ടു പന്തിൽ ഒന്ന്) ജസ്പ്രീത് ബുംറയും മടക്കി. ഇഷാൻ കിഷന്റെ കിടിലൻ ക്യാച്ചിലാണ് രചിൻ പുറത്തായത്.

അഞ്ചാം ഓവറിൽ ഗ്ലെൻ ഫിലിപ്സിനെ (അഞ്ചു പന്തിൽ അഞ്ച്) അക്ഷർ ക്ലീൻ ബൗൾഡാക്കി. കീവീസ് മൂന്നു വിക്കറ്റിന് 47. ഒരറ്റത്ത് ഓപ്പണർ ടിം സീഫർട്ട് തകർത്തടിക്കുമ്പോഴും മറുതലക്കൽ വിക്കറ്റുകൾ വീണുകൊണ്ടിരുന്നു. എട്ടു പന്തിൽ മൂന്നു റൺസെടുത്ത മാർക് ചാപ്മാനെ ഹാർദിക് ബൗൾഡാക്കി. അഞ്ചാമനായി സീഫെർട്ടും മടങ്ങിയതോടെ കീവികളുടെ പ്രതീക്ഷകളും മങ്ങി. 26 പന്തിൽ അഞ്ചു സിക്സും രണ്ടു ഫോറുമടക്കം 52 റൺസെടുത്താണ് താരം പുറത്തായത്. ഡാരിൽ മിച്ചലും നായകൻ മിച്ചൽ സാന്‍റ്നറും ചേർന്ന് ടീം സ്കോർ നൂറു കടത്തി. അധികം വൈകാതെ 11 പന്തിൽ 17 റൺസെടുത്ത മിച്ചലിനെ അക്ഷർ പട്ടേൽ പുറത്താക്കി. 16ാം ഓവറിലെ തൊട്ടടുത്ത പന്തുകളിൽ

ജെയിംസ് നീഷാം (ഏഴു പന്തിൽ എട്ട്), മാറ്റ് ഹെൻറി (പൂജ്യംഃ എന്നിവരെ ബൗൾഡാക്കി ബുംറയുടെ ഇരട്ടപ്രഹരം. തൊട്ടടുത്ത ഓവറിൽ സാന്‍റ്നറെയും (35 പന്തിൽ 43) ബുംറ ബൗൾഡാക്കി.ഫൈനൽ ‘തൂക്കി’ സഞ്ജു

ടോപ് ഓർഡറിലെ മൂന്നു ബാറ്റർമാരും അർധ സെഞ്ച്വറിയുമായി കത്തിക്കയറിയപ്പോൾ ഇന്ത്യ കീവീസിനു മുന്നിൽ റൺമല തീർക്കുകയായിരുന്നു. ഓപ്പണർമാരായ സഞ്ജു സാംസൺ, അഭിഷേകർ ശർമ എന്നിവർക്കു പുറമെ മൂന്നാമനായി ക്രീസിലെത്തിയ ഇഷാൻ കിഷനും അർധ സെഞ്ച്വറി നേടി. ടൂർണമെന്‍റിൽ സഞ്ജുവിന്‍റെ തുടർച്ചയായ മൂന്നാം അർധ സെഞ്ച്വറിയാണിത്. 33 പന്തിലാണ് താരം ഫിഫ്റ്റി പൂർത്തിയാക്കിയത്. എന്നാൽ ഇത്തവണയും സെഞ്ചറിയെന്ന മോഹം 11 റൺസകലെ താരത്തിന് നഷ്ടമായി. 46 പന്തിൽ എട്ടു സിക്സും അഞ്ചു ഫോറുടമക്കം 89 റൺസെടുത്ത് താരം പുറത്തായി.

ഇന്ത്യക്ക് വെടിക്കെട്ട് തുടക്കമാണ് ഓപ്പണർമാർ നൽകിയത്. 18 പന്തിലാണ് അഭിഷേക് ശർമ അർധ സെഞ്ച്വറി പൂർത്തിയാക്കിയത്. ട്വന്‍റി20 ലോകകപ്പ് നോക്കൗട്ട് ചരിത്രത്തിലെ ഏറ്റവും വേഗതയേറിയ അർധ സെഞ്ച്വറിയാണിത്. മൂന്നു സിക്സും ആറു ഫോറുമടക്കമാണ് താരം അർധ സെഞ്ച്വറിയിലെത്തിയത്. രചിൻ രവീന്ദ്ര എറിഞ്ഞ എട്ടാം ഓവറിലെ ആദ്യ പന്തിൽ വിക്കറ്റ് കീപ്പർ ടിം സീഫെർട്ടിന് ക്യാച്ച് നൽകിയാണ് അഭിഷേക് പുറത്തായത്. 21 പന്തിൽ 52 റൺസാണ് താരത്തിന്‍റെ സമ്പാദ്യം. ഒന്നാം വിക്കറ്റിൽ 7.1 പന്തിൽ 98 റൺസാണ് ഇരുവരും കൂട്ടിച്ചേർത്തത്.

പവർ പ്ലേയിൽ മാത്രം 92 റൺസ് ഇന്ത്യ അടിച്ചെടുത്തു. പിന്നാലെ ക്രീസിലെത്തിയ ഇഷാൻ കിഷനെ കൂട്ടുപിടിച്ച് സഞ്ജു വെടിക്കെട്ട് തുടർന്നു. രചിൻ രവീന്ദ്ര എറിഞ്ഞ 14ാം ഓവറിലെ അവസാന മൂന്നു പന്തുകൾ സഞ്ജു സിക്സർ പറത്തി. ജിമ്മി നീഷാമിന്‍റെ 16ാം ഓവറിൽ ക്യാച്ച് നൽകിയാണ് സഞ്ജു മടങ്ങിയത്. 25 പന്തിൽ നാലു വീതം സിക്സും ഫോറുമടക്കം 54 റൺസെടുത്താണ് ഇഷാൻ കിഷൻ പുറത്തായത്. രണ്ടാം വിക്കറ്റിൽ സഞ്ജുവും ഇഷാനും ചേർന്ന് 48 പന്തിൽ 105 റൺസ് അടിച്ചെടുത്തു. ഇരുവരും മടങ്ങിയതോടെ ഇന്ത്യയുടെ സ്കോറിങ്ങിന്‍റെ വേഗതയും കുറഞ്ഞു. നായകൻ സൂര്യകുമാർ യാദവ് ആദ്യ പന്തിൽ തന്നെ പുറത്തായി. നാലാമനായി ക്രീസിലെത്തിയ ഹാർദിക് പാണ്ഡ്യ 13 പന്തിൽ 18 റൺസെടുത്ത് പുറത്തായി.

23 പന്തിലാണ് ഇഷാൻ അർധ സെഞ്ച്വറിയിലെത്തിയത്. എട്ടു പന്തിൽ 26 റൺസുമായി ശിവം ദുബെയും ആറു പന്തിൽ എട്ടു റൺസുമായി തിലക് വർമയും പുറത്താകാതെ നിന്നു. ജിമ്മി നീഷാം എറിഞ്ഞ അവസാന ഓവറിൽ ശിവം ദുബെ രണ്ടു സിക്സും മൂന്നു ഫോറുമടക്കം 24 റൺസാണ് അടിച്ചെടുത്തത്. ട്വന്റി20 ലോകകപ്പ് ഫൈനൽ ചരിത്രത്തിൽ ആദ്യമായാണ് ഓപ്പണിങ് കൂട്ടുകെട്ട് 50നു മുകളിൽ സ്കോർ നേടുന്നത്. 2009 ഫൈനലിൽ ശ്രീലങ്കക്കെതിരെ പാകിസ്താൻ താരങ്ങളായ കമ്രാൻ അക്‌മലും ഷഹസൈബ് ഹസനും ചേർന്ന് നേടിയ 48 റൺസായിരുന്നു ഇതുവരെയുള്ള ഉയർന്ന ഓപ്പണിങ് കൂട്ടുകെട്ട്.

മാറ്റ് ഹെൻട്രി എറിഞ്ഞ ആദ്യ ഓവറിലെ ആദ്യ നാലു പന്തുകളിൽ സഞ്ജുവിന് റണ്ണൊന്നും നേടാനായില്ലെങ്കിലും അഞ്ചാം പന്ത് താരം ഗാലറിയിലെത്തിച്ച് സ്കോർ ബോർഡ് തുറന്നു. ആ ഓവറിൽ ആകെ ഏഴു റൺസാണ് നേടിയത്. ആദ്യ രണ്ട് ഓവറുകളിൽ താളം കണ്ടെത്താൻ വിഷമിച്ചെങ്കിലും പിന്നീട് ഇരുവരും കത്തിക്കയറി. മൂന്നാം ഓവറിൽ 15 റൺസ് നേടി. ലോക്കി ഫെർഗൂസൺ എറിഞ്ഞ നാലാം ഓവറിൽ രണ്ടു വീതം സിക്സും ഫോറും അടക്കം 24 റൺസാണ് അടിച്ചെടുത്തത്. അഞ്ചാം ഓവറിൽ 21 റൺസും പിറന്നു. ഈ ലോകകപ്പിൽ ആദ്യമായാണ് ഇന്ത്യക്ക് പവർപ്ലേയിൽ വിക്കറ്റ് നഷ്ടമാകാതിരിക്കുന്നത്.

Share with others

Join WhatsApp

Join Now

അനുബന്ധ വാർത്തകൾ

ചുവപ്പൻ വസന്തം! അർജന്റീനയെ വീഴ്ത്തി സ്പെയിൻ വീണ്ടും ലോക ചാമ്പ്യന്മാർ; മെസ്സിക്ക് കണ്ണീർ മടക്കം

സംസ്ഥാനത്ത് നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി; ലോകകപ്പ് ഫൈനൽ പ്രമാണിച്ച് മുഖ്യമന്ത്രിയുടെ നിർദേശം

കീഴരിയൂർ : ഒപ്പം റസിഡൻസ് അസോസിയേഷൻ പട്ടാമ്പുറത്ത് താഴ അനുമോദന സദസ്സും ഷൂട്ടൗട്ട് മത്സരവും സംഘടിപ്പിച്ചു

പന്തലായനി ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ സൗഹൃദ ഫുട്ബോൾ മത്സരം സംഘടിപ്പിക്കുന്നു.

ലഹരിയാവാം കളിയിടങ്ങളോട് എന്ന മുദ്രാവാക്യമുയർത്തി ഡി വൈ എഫ് ഐ കീഴരിയൂർ മേഖല കമ്മിറ്റി സംഘടപ്പിക്കുന്ന ഷൂട്ട്‌ ഔട്ട്‌ ടൂർണമെന്റ് സംഘടിപ്പിക്കുന്നു

വർണവിസ്മയങ്ങളോടെ 2026 ഫിഫ ലോകകപ്പിന് ആവേശത്തുടക്കം; ഉദ്ഘാടനച്ചടങ്ങ് കൊഴുപ്പിച്ച് ഷക്കീറയും സംഘവും, മെക്സിക്കോയ്ക്ക് ആദ്യ ജയം

Leave a Comment

error: Content is protected !!