കോഴിക്കോട്: ചേന്ദമംഗല്ലൂരിൽ സ്കൂൾ വിട്ട് ഓട്ടോറിക്ഷയിൽ മടങ്ങുകയായിരുന്ന ഏഴ് വയസ്സുകാരൻ ലോറി കയറി മരിച്ചു. പാഴൂർ കാവുങ്ങൽ അമൻ ആണ് ദാരുണമായി കൊല്ലപ്പെട്ടത്. ഇന്ന് വൈകുന്നേരത്തോടെയാണ് അപകടം നടന്നത്. മാതൃഭൂമി ജീവനക്കാരനായ ഷമീഷിന്റെയും ബിനിയുടെയും മകനാണ് അമൻ.
മണാശേരിയിലെ സ്കൂളിൽ നിന്ന് പഠനം കഴിഞ്ഞ് മടങ്ങവേ, വെസ്റ്റ് ചേന്ദമംഗല്ലൂരിന് സമീപം കറുത്തേടത്ത് വളവിൽ വെച്ചായിരുന്നു അപകടം. ഓട്ടോറിക്ഷയുടെ വലതുഭാഗത്തെ ഡോർ പെട്ടെന്ന് തുറന്ന് കുട്ടി റോഡിലേക്ക് തെറിച്ചു വീഴുകയായിരുന്നു. ഈ സമയം എതിർദിശയിൽ വന്ന ലോറി കുട്ടിയുടെ ദേഹത്തുകൂടി കയറിയിറങ്ങി.
ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ഉടൻ തന്നെ കോഴിക്കോട് മെഡിക്കൽ കോളേജ് മാതൃശിശു സംരക്ഷണ കേന്ദ്രത്തിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം നിലവിൽ കോഴിക്കോട് മെഡിക്കൽ കോളേജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
















