പേരാമ്പ്രയിൽ ഗൃഹനാഥന്റെ ഒന്നര മാസം പഴക്കമുള്ള അസ്ഥികൂടം വീട്ടുവളപ്പിൽ കണ്ടെത്തി

On: July 15, 2026 10:22 AM
Follow Us:
പരസ്യം

പേരാമ്പ്ര: ചാലിക്കരയിൽ വീട്ടുപറമ്പിൽ നിന്നും ഒന്നര മാസം പഴക്കമുള്ള മനുഷ്യ അസ്ഥികൂടം കണ്ടെത്തി. ചാലിക്കര കാക്കാമാക്കുൽ മീത്തൽ കുഞ്ഞിക്കണ്ണന്റെ (72) അസ്ഥികൂടമാണ് സ്വന്തം വീട്ടുവളപ്പിൽ നിന്ന് കണ്ടെത്തിയത്. വീട്ടിൽ തനിച്ചു താമസിക്കുകയായിരുന്ന കുഞ്ഞിക്കണ്ണൻ പറമ്പിൽ ഇറങ്ങിയപ്പോൾ എന്തെങ്കിലും അപകടത്തിൽ പെട്ട് മരിച്ചതാകാം എന്നാണ് പ്രാഥമിക നിഗമനം. തുടർച്ചയായി പെയ്ത മഴ കാരണം മൃതദേഹം വേഗത്തിൽ അഴുകിപ്പോയതായാണ് കരുതുന്നത്.

വൈദ്യുതി ബന്ധം വിച്ഛേദിക്കാൻ എത്തിയപ്പോൾ പുറത്തറിഞ്ഞ മരണം

വൈദ്യുതി ചാർജ് അടയ്ക്കാത്തതിനെ തുടർന്ന് കണക്ഷൻ വിച്ഛേദിക്കാനായി കെ.എസ്.ഇ.ബി ജീവനക്കാർ കുഞ്ഞിക്കണ്ണന്റെ വീട്ടിലെത്തിയിരുന്നു. എന്നാൽ വീട്ടിൽ ആരെയും കാണാത്തതിനെ തുടർന്ന് ഇവർ കാഞ്ഞങ്ങാടുള്ള സഹോദരിയുടെ മകന്റെ ഫോണിൽ വിളിച്ച് വിവരമറിയിച്ചു. തുടർന്ന് ഇദ്ദേഹം നാട്ടുകാരെ വിവരമറിയിക്കുകയും, നാട്ടുകാർ ചേർന്ന് നടത്തിയ തിരച്ചിലിലാണ് വീട്ടുവളപ്പിൽ നിന്നും അസ്ഥികൂടം കണ്ടെത്തിയത്.

കുഞ്ഞിക്കണ്ണൻ ധരിച്ചിരുന്ന ഷർട്ടും മുണ്ടും അസ്ഥികൂടത്തിന് സമീപത്തുനിന്ന് കണ്ടെത്തിയിട്ടുണ്ട്. തെങ്ങുകയറ്റ തൊഴിലാളിയായിരുന്ന ഇദ്ദേഹം തനിച്ചായിരുന്നു താമസം. ഇടയ്ക്കിടെ കാഞ്ഞങ്ങാടുള്ള സഹോദരിയുടെ വീട്ടിൽ പോയി താമസിക്കാറുള്ളതിനാൽ, ഇദ്ദേഹത്തെ കാണാതായപ്പോഴും സഹോദരിയുടെ വീട്ടിലായിരിക്കുമെന്നാണ് നാട്ടുകാർ കരുതിയിരുന്നത്.

ഡി.എൻ.എ പരിശോധനയ്ക്ക് ശേഷം സംസ്കാരം

അസ്ഥികൂടം ഡി.എൻ.എ പരിശോധനയ്ക്ക് വിധേയമാക്കിയ ശേഷമേ ബന്ധുക്കൾക്ക് വിട്ടുനൽകുകയുള്ളൂ എന്ന് അധികൃതർ അറിയിച്ചു.

കുടുംബാംഗങ്ങൾ:

 ഭാര്യ: പരേതയായ ജാനകി

 മക്കൾ: സനീഷ്, സുമേഷ് (രണ്ടുപേരും മറ്റ് വീടുകളിലാണ് താമസം)

 സഹോദരങ്ങൾ: ചന്ദ്രൻ, സരോജിനി (കാഞ്ഞങ്ങാട്), പരേതയായ ജാനു.

Share with others

Join WhatsApp

Join Now

Leave a Comment

error: Content is protected !!