തിരുവനന്തപുരം: കേരള പ്രവേശന പരീക്ഷാ കമ്മീഷണർ നടത്തുന്ന വിവിധ എൻട്രൻസ് പരീക്ഷകൾക്ക് അപേക്ഷിച്ച വിദ്യാർത്ഥികൾക്ക് മാർക്ക് രേഖപ്പെടുത്തുന്നതിനുള്ള (Mark Entry) അവസാന തീയതി ജൂൺ 14 വരെ നീട്ടി. നിരവധി വിദ്യാർത്ഥികളും രക്ഷിതാക്കളും നേരിട്ട ബുദ്ധിമുട്ടുകൾ കണക്കിലെടുത്ത് തീയതി നീട്ടിനൽകണമെന്ന് ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം. ജോൺ നൽകിയ നിർദേശത്തെ തുടർന്നാണ് പ്രവേശന പരീക്ഷാ കമ്മീഷണർ നിലവിലെ അവസാന തീയതി ജൂൺ 14 വരെ ദീർഘിപ്പിച്ചുക്കൊണ്ട് ഉത്തരവിറക്കിയത്. വിദ്യാർത്ഥികൾക്ക് പ്രവേശന പരീക്ഷാ കമ്മീഷണറുടെ ഔദ്യോഗിക വെബ്സൈറ്റ് വഴി നിശ്ചിത സമയത്തിനകം മാർക്കുകൾ രേഖപ്പെടുത്താം. ഈ സമയപരിധിക്കുള്ളിൽ തന്നെ അപേക്ഷകർ മാർക്ക് എൻട്രി നടപടികൾ പൂർത്തിയാക്കേണ്ടതാണ്.