കൊയിലാണ്ടി: കൊല്ലം നെല്യാടി റോഡിൽ ദേശീയപാത അടി പാതയിൽ ഡ്രൈനേജ് പ്രവർത്തി ആരംഭിച്ചു. മഴ പെയ്തതോടെ ഇതിലൂടെയുള്ള യാത്ര ദുരിതപൂർണമായിരുന്നു. കഴിഞ്ഞ ദിവസ്സങ്ങളിൽ പെയ്ത മഴയിൽ ഇവിടെ വലിയ വെള്ളക്കെട്ട് രൂപപ്പെട്ടിരുന്നു. പ്രവർത്തി നടക്കുന്നതിനാൽ കൊല്ലം നെല്ല്യാടി അടിപാതയിലൂടെയുള്ള ഗതാഗതം പൂർണമായും നിരോധിച്ചിരിക്കുകയാണ്.
ഇതിലൂടെയുള്ള യാത്രാ പ്രശ്നം കഴിഞ്ഞ ദിവസ്സം കൊയിലാണ്ടി ന്യൂസ് ഡോട്ട് കോം റിപ്പോർട്ട് ചെയ്തിരുന്നു. വെള്ളക്കെട്ടും ചളിയും കാരണം കാൽനട യാത്രക്കാർക്കും അതുവഴി കടന്നു പോകാൻ കഴിയാത്ത അവസ്ഥയായിരുന്നു. കഴിഞ്ഞ വർഷവും സമാനമായ സാഹചര്യമായിരുന്നു ഉണ്ടായിരുന്നത്.
മേപ്പയൂർ നെല്ല്യാടി ഭാഗത്തു നിന്നും കൊല്ലം കൊയിലാണ്ടി ഭാഗത്തേക്ക് വരുന്ന വാഹനങ്ങൾ അണ്ടർ പാസ്സിനടുത്തു നിന്നും വലത്തോട്ട് തിരിഞ്ഞു ആനക്കുളം വഴി പോകേണ്ടതാണ്. കൊല്ലത്തു നിന്നും നെല്ല്യാടി ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ ആനക്കുളം വഴി ദേശീയ പാത സർവീസ് റോഡിൽ പ്രവേശിച്ചു പോകേണ്ടതാണെന്നും അധികൃതർ അറിയിച്ചു.
ഡ്രൈനേജിന് വേണ്ടി കുഴി എടുക്കുന്ന പണിയാണ് ഇപ്പോൾ ആരംഭിച്ചിരിക്കുന്നത്. മൂന്ന് ആഴ്ച്ചക്ക് മുകളിൽ പണി നീണ്ടുനിൽക്കും എന്നാണ് അധികൃതർ അറിയിച്ചിരിക്കുന്നത്.















