.കീഴരിയൂർ: തൊഴിലുറപ്പ് മേഖലയിലെ പ്രതിസന്ധികൾക്കിടയിൽ തൊഴിലാളികളോടുള്ള കടുത്ത അവഗണനയും നീതി നിഷേധവും ആരോപിച്ച് കീഴരിയൂർ ഗ്രാമപഞ്ചായത്തിലെ 12-ാം വാർഡിലെ തൊഴിലുറപ്പ് തൊഴിലാളികൾ ഉപരോധസമരവുമായി രംഗത്തെത്തി. രണ്ട് മാസം മുമ്പ് അപേക്ഷ നൽകിയിട്ടും 12-ാം വാർഡിലെ തൊഴിലാളികൾക്ക് തൊഴിൽ അനുവദിക്കാതിരിക്കുകയും, പകരം മറ്റ് വാർഡുകളിലെ തൊഴിലാളികൾക്ക് 12-ാം വാർഡിലെ തോടുകൾ ശുചീകരിക്കുന്നതിന് തൊഴിൽ നൽകുകയും ചെയ്തതിനെതിരെയാണ് പ്രതിഷേധം. ഇന്ന് രാവിലെ 8.30 മുതൽ നൂറുകണക്കിന് തൊഴിലാളികൾ പ്രതിഷേധവുമായി രംഗത്തെത്തി. 12-ാം വാർഡിലെ ജോലികളിൽ മറ്റ് വാർഡുകളിൽ നിന്നുള്ള തൊഴിലാളികളെ നിയോഗിച്ചതിനെതിരെ അവർ പ്രതിഷേധിക്കുകയും, അവരോട് ജോലിയിൽ ഏർപ്പെടരുതെന്ന് ആവശ്യപ്പെടുകയും ചെയ്തു. തർക്കം രൂക്ഷമായതിനെ തുടർന്ന് ജനപ്രതിനിധികളായ കെഎം വേലായുധൻ, രജിത കടവത്ത് വളപ്പിൽ, രാമചന്ദ്രൻ ടി ടി, അശോകൻ പാറക്കീൽ, സവിത വലിയ പറമ്പത്ത് കൊയിലാണ്ടി പോലീസ് സബ് ഇൻസ്പെക്ടർ രഞ്ജിത്ത്, പഞ്ചായത്ത് തൊഴിലുറപ്പ് അക്രഡിറ്റഡ് എൻജിനീയർ ഗംഗ, പൊതുപ്രവർത്തകരായ ഇടത്തിൽ ശിവൻ, മാലത്ത് സുരേഷ്, ഇ എം മനോജ്, കെപി മാധവൻ, ചന്ദ്രൻ കെ ടി, ഷൈജ, ഉഷ, എന്നിവർ സ്ഥലത്തെത്തി തൊഴിലാളികളുമായി ചർച്ച നടത്തി. ചർച്ചയെ തുടർന്ന് പ്രശ്നത്തിന് പരിഹാരം കാണുകയും ധാരണയിലെത്തുകയും ചെയ്തു. ധാരണ പ്രകാരം ഇന്ന് ജോലിക്കെത്തിയ തൊഴിലാളികൾ മടങ്ങിപ്പോകുകയും, നാളെ 12-ാം വാർഡിൽ നേരത്തെ അപേക്ഷ നൽകിയ തൊഴിലാളികൾക്ക് തോട് ശുചീകരണ ജോലിയിൽ പ്രവേശിക്കാൻ അവസരം നൽകാനും പൊതുതീരുമാനമായി.