പുണ്യചിത്ര പി.എൻ✍️
ആരും ഇല്ലാത്തവർക്ക് ദൈവമുണ്ട് എന്നൊക്കെ നമ്മൾ പറയാറുണ്ട്. ഒരു പക്ഷേ, സമാധാനിക്കാനുള്ള ഒരു വാക്ക് പോലെ.
പക്ഷേ, ആരുമില്ലാത്തവർക്ക് മനുഷ്യരാണ് ശരിക്കും ദൈവമാകുന്നത് എന്ന് എനിക്ക് തോന്നുന്നു. ദൈവം മനുഷ്യരുടെ രൂപത്തിൽ വന്ന് അനുഭവിക്കപ്പെടുന്ന ചില നിമിഷങ്ങളുണ്ട്. നമ്മുടെ ഉള്ളിലെ യഥാർത്ഥ മനുഷ്യൻ പുറത്തേക്ക് വരുന്നതാണ് ശരിക്കും ദൈവത്തിന്റെ സാന്നിധ്യം എന്നും എനിക്ക് തോന്നുന്നു.
ആ ഒരു സാന്നിധ്യമാണ് ബിന്ദുച്ചേച്ചിയെ സംരക്ഷിക്കുന്നത്.
മാനസികമായും ശാരീരികമായും തകർന്നുപോയി, ഒടുവിൽ ആരോഗ്യനില വളരെ അപകടകരമായി ആശുപത്രിയിൽ അഡ്മിറ്റായപ്പോഴും ഒരുപാട് സ്നേഹമുള്ള കരങ്ങൾ ഒന്നിച്ചു നിൽക്കുകയാണ്.
“ബിന്ദുച്ചേച്ചിയെ അങ്ങനെ വിട്ടുകൊടുക്കില്ല. പിടിച്ചുപിടിച്ച് ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവരും” എന്ന് പറഞ്ഞുകൊണ്ട്.
അതൊരു പ്രതിഫലം പ്രതീക്ഷിച്ചുകൊണ്ടുള്ള പ്രവർത്തിയല്ല. ഒന്നും തിരികെ കിട്ടണം എന്ന കണക്കുകൂട്ടലുമില്ല. ഒരാൾക്ക് താങ്ങായി നിൽക്കണം എന്ന മനുഷ്യസഹജമായ തോന്നലിൽ നിന്നുണ്ടാകുന്ന പ്രവർത്തിയാണ്.
ബിന്ദുച്ചേച്ചി ആശുപത്രിയിലായ ദിവസം മുതൽ ഇന്നുവരെ, അവരുടെ ദൈനംദിന കാര്യങ്ങളിൽ ഇടപെടാൻ എത്ര മനുഷ്യരാണ് വരുന്നത്. ഉച്ചഭക്ഷണത്തിനും രാത്രി ഭക്ഷണത്തിനും കൂടെയിരിക്കാനും, സംസാരിക്കാനും, ഒപ്പം നിൽക്കാനും എത്ര മനുഷ്യരാണ് ഓരോ ദിവസവും തയ്യാറാകുന്നത്.
ഈ മനുഷ്യരിൽ ഭൂരിഭാഗവും കൈൻഡ് പാലിയേറ്റീവ് കെയറിന്റെ വളണ്ടിയർമാരാണ്.
കഴിഞ്ഞ അഞ്ച് വർഷമായി കീഴരിയൂർ ഗ്രാമത്തിന് കരുണാർദ്രതയുടെ സ്നേഹസ്പർശമായി മാറിയ കൈൻഡ് പാലിയേറ്റീവ് കെയർ വളർത്തിയെടുത്തത് ഒരു ചികിത്സാ സംവിധാനം മാത്രമല്ല. മനുഷ്യർക്ക് മനുഷ്യരായി മറ്റൊരാളുടെ കൂടെ നിൽക്കാൻ കഴിയുന്ന ഒരു സംസ്കാരമാണ്.
രോഗിയുടെ വീട്ടിലേക്ക് എത്തുന്നതും, മരുന്നും ഭക്ഷണവും എത്തിക്കുന്നതും, ആശുപത്രിയിലേക്ക് കൂട്ടിക്കൊണ്ടുപോകുന്നതും മാത്രമല്ല; ഒറ്റപ്പെട്ടുപോയ ഒരാളോട് കുറച്ചു നേരം സംസാരിക്കാനും, വിശേഷങ്ങൾ അന്വേഷിക്കാനും, ആവശ്യമുള്ളപ്പോൾ ഒരു കൈത്താങ്ങായി മാറാനും തയ്യാറായ ഒരു കൂട്ടം മനുഷ്യരെ അവർ ഈ ഗ്രാമത്തിൽ സൃഷ്ടിച്ചു.
പ്രതിഫലം പ്രതീക്ഷിക്കാതെയും, തങ്ങളുടെ സമയവും അധ്വാനവും മാറ്റിവെച്ചും, മറ്റൊരാളുടെ വേദനയിൽ തങ്ങളുടേതായ ഒരു ഉത്തരവാദിത്തം ഏറ്റെടുത്തുമാണ് ഈ വളണ്ടിയർമാർ ഇത്രയും കാലം പ്രവർത്തിച്ചത്.
അങ്ങനെ പതുക്കെ, ഒരാളിൽ നിന്ന് മറ്റൊരാളിലേക്ക് പകർന്ന കരുതലിലൂടെ, കൈൻഡ് പാലിയേറ്റീവ് കെയർ ഒരു സ്ഥാപനത്തിനപ്പുറത്തേക്ക് വളർന്നു. അത് ഒരു ഗ്രാമത്തിന്റെ തന്നെ മനുഷ്യത്വത്തിന്റെ പ്രതീകമായി മാറി.
ആ മനുഷ്യത്വത്തിന്റെ ഏറ്റവും തെളിഞ്ഞ കാഴ്ചകളിലൊന്നാണ് ഇന്ന് ബിന്ദുച്ചേച്ചിയുടെ ജീവിതത്തിൽ കാണുന്നത്.
അച്ഛനെയും അമ്മയെയും നഷ്ടപ്പെട്ട്, ഒറ്റപ്പെട്ട്, മാനസികനില തകർന്നുപോയി, നാടുനീളെ അലഞ്ഞുനടന്നിരുന്ന ഒരാളായിരുന്നു ബിന്ദുച്ചേച്ചി. ആരും സംരക്ഷിക്കാനില്ലാതായപ്പോൾ, കഴിഞ്ഞ ഒരു മാസമായി കൈൻഡ് പാലിയേറ്റീവ് കെയറിന്റെ കെട്ടിടമാണ് അവർക്ക് തണലൊരുക്കുന്നത്.
പക്ഷേ ആ തണൽ നാലു ചുവരുകൾക്കുള്ളിൽ മാത്രം ഒതുങ്ങുന്നില്ല.
ആ കെട്ടിടത്തിന്റെ വാതിൽ കടന്ന്, കൈൻഡ് വർഷങ്ങളായി വളർത്തിയെടുത്ത കരുണാർദ്രതയുടെ സംസ്കാരത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടുകൊണ്ട് ഒരു ഗ്രാമം മുഴുവൻ ബിന്ദുച്ചേച്ചിയുടെ കൂടെ നിൽക്കുകയാണ്. അവരെ പതുക്കെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാൻ.
ഒരാൾക്ക് ജീവിതത്തിലേക്ക് തിരിച്ചു വരാൻ ചിലപ്പോൾ മരുന്നിനേക്കാൾ, ആശുപത്രിയേക്കാൾ,ചികിത്സയേക്കാൾ ആവശ്യമാകുന്നത് ചേർത്തുപിടിക്കുന്ന മനുഷ്യരാണ്.
കൂടെ നടക്കാൻ ഒരാൾ,
വിശക്കുമ്പോൾ ഭക്ഷണം കഴിക്കാൻ കൂടെയിരിക്കാൻ ഒരാൾ,
സംസാരിക്കാൻ ഒരാൾ,
വീണുപോകുമ്പോൾ താങ്ങാവാൻ കുറച്ച് കൈകൾ.
ഇവിടെ ആ കൈകൾ ഒന്നോ രണ്ടോ അല്ല. ഒരു ഗ്രാമം മുഴുവൻ നീളുന്നത്രയുണ്ട്.
മനുഷ്യരുടെ ഉള്ളിലെ മനുഷ്യത്വം ഒരിക്കലും ഇല്ലാതാവില്ല.
ചിലപ്പോൾ നമ്മൾ ദൈവത്തെ കാത്തിരിക്കേണ്ടതില്ല. ദൈവം വരുന്നത് മനുഷ്യരായിട്ടാണ്.
ആരാലും ശ്രദ്ധിക്കപ്പെടാതെ പോയ ഒരാളെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാൻ നിൽക്കുന്ന ഈ മനുഷ്യരായി.
എനിക്കുറപ്പുണ്ട്, ബിന്ദുച്ചേച്ചി ഒരു പുനർജന്മം പോലെ സ്വന്തം സ്വത്വത്തെ തിരിച്ചുപിടിക്കും. ഈ സ്നേഹത്തിന്റെയും കരുതലിന്റെയും ശക്തിയിൽ, ഒരു പുതിയ മനസ്സോടെ, നമ്മളോടൊപ്പം, മുന്നോട്ടുള്ള ജീവിതയാത്രയിലേക്ക് അവർ പതുക്കെ തിരിച്ചുവരും.
കാരണം, ഒരാളെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാൻ ഇത്രയും മനുഷ്യർ ഒന്നിച്ചു നിൽക്കുമ്പോൾ,ആ പ്രതീക്ഷക്കൊരു നിറം ലഭിക്കുന്നു.
ബിന്ദുച്ചേച്ചി തിരിച്ചു വരട്ടെ.
സ്വന്തം ജീവിതത്തിലേക്ക്.
സ്വന്തം സ്വത്വത്തിലേക്ക്.
നമ്മുടെയൊക്കെ കൂടെ.
അങ്ങനെ, വർഷങ്ങളായി ഒരാളിൽ നിന്ന് മറ്റൊരാളിലേക്ക് പകർന്നുകൊണ്ടിരിക്കുന്ന കരുതലിലൂടെ, കൈൻഡ് പാലിയേറ്റീവ് കെയർ ഒരു സ്ഥാപനത്തിനപ്പുറത്തേക്ക് വളർന്ന്, ഒരു ഗ്രാമത്തിന്റെ മാനുഷികതയുടെ തന്നെ പ്രതീകമായി മാറട്ടെ.





പുണ്യചിത്ര പി.എൻ✍️












